Sunday, November 30, 2008

അവന്‍

ഉച്ചയുറക്കം മുറിച്ചു കൊണ്ട്
മുന്‍ വാതില്‍ക്കല്‍ മുട്ടു കേട്ടു പകച്ചു.

കള്ളന്‍,
തട്ടിപ്പുകാരന്‍,
അന്താരാഷ്ട്രാബാങ്ക് ഗുണ്ട,
പിരിവുകാരന്‍,
വര്‍ഗ്ഗീയവാദികള്‍,
വാടകക്കൊലയാളികള്‍,
ലോകബാങ്കുകാര്‍
ആരുമാകാം.

പേടിയോടെ
വാതില്‍ തുറന്നു.
അവിടെ നില്‍പ്പവനോ
ഞാന്‍ തന്നെ.
ഞെട്ടലോടെ
വാതിലടക്കുന്നു ഞാനും.

Saturday, September 20, 2008

കാല്‍ വെയ്പുകള്‍

വള്ളി പൊട്ടിയ ചെരിപ്പ്
വഴിയിലുപേക്ഷിച്ച് നഗ്നപാദനായി നടക്കെ
പാദങ്ങളോര്‍ത്തെടുക്കുന്നൂ
പഴയ സ്കൂള്‍സഞ്ചാരങ്ങള്‍.
ചരല്‍പ്പാതയുദെ പാരുഷ്യം
മണ്ണിരക്കുരുപ്പിന്റെ പശിമ
വഴിയില്‍ തളം കെട്ടിയ മഴവെള്ളത്തിന്റെ ചുംബനം
ടാര്‍ റോഡിന്റെ സ്നേഹരഹിതമാം ചൂട്.

മുരിക്കിന്‍ മുള്ളിന്റെ ദംശനം
കുപ്പിയടപ്പിന്റെ നഖക്ഷതം.

തോര്‍ത്തു കൊണ്ട്
ചെറുമീന്‍ കോരാന്‍
വയല്‍ച്ചാലിലിറങ്ങുമ്പോള്‍
കണങ്കാലുകളില്‍ ചേറിന്റെ ഇക്കിളി.
കാല്‍ വ്രണങ്ങളില്‍ കൊത്തുന്ന
പരലും പള്ളത്തിയും.
കുഴിനഖത്തിന്റെ വിങ്ങല്‍
വളങ്കടിയുടെ ചൊറിച്ചില്‍.

നഗ്നപാദങ്ങളോര്‍ത്തെടുക്കുന്നൂ
പൂര്‍വകാലത്തിന്റെ നഗ്നതകള്‍:
കൈയിലാഞ്ഞു കൊത്തുന്ന ചൂരല്‍
അസംബ്ലി മുറ്റത്ത് കുഴഞ്ഞു വീഴുന്ന ചങ്ങാതി
ചോറ്റുപാത്രത്തിന്റെ വിശപ്പുമണം.
പുസ്തകവും സ്ലേറ്റും ഷര്‍ട്ടിലൊളിപ്പിച്ച്
മഴയോട്ടം.
വെള്ളത്തില്‍ മുങ്ങിയ വയല്‍ വരമ്പിലൂടെ
ജീവന്മരണസഞ്ചാരം.

ചെരിപ്പുള്ളപ്പോള്‍
കാല്‍ വെയ്പ്പുകളെല്ലാം ഒരിടത്ത്, ഒരു പോലെ.
ചെരിപ്പില്ലാത്തപ്പോള്‍
ഓരോ കാല്‍ വെയ്പ്പും
പലയിടങ്ങളില്‍,
പല കാലങ്ങളില്‍.

Monday, September 15, 2008

കടല്‍

കുട്ടി പറഞ്ഞു:
എന്തൊരു പരപ്പാണീ കടല്‍.
അച്ഛന്‍ തിരുത്തി:
മകനേ,
പരപ്പല്ല ആഴമാണ് കടല്‍.

കുട്ടിയുടെ കണ്ണുകള്‍ വികസിച്ചു:
ഇപ്പോള്‍ എനിക്ക് മനസ്സിലായി,
സ്നേഹമെന്നാലെന്താണെന്ന്.

Saturday, August 2, 2008

ഹൈ വേ

കാറോടിച്ചു കൊണ്ടിരിക്കെ
അയാള്‍ക്കൊരു വെളിപാടുണ്ടായി:
റോഡപകടങ്ങള്‍ പെരുകുന്നത്
കാല്‍നടക്കാരെ റോഡിലനുവദിക്കുന്നതു കൊണ്ടാണ്.
അവരെ നിരോധിക്കണം.

പെട്ടെന്ന് നിയന്ത്രണം തെറ്റി
കാര്‍ റോഡിന്റെ പരിധിക്ക് പുറത്തേക്ക് മറിഞ്ഞു.
കാറുകളും ബസ്സുകളും
അപ്പോഴും നിര്‍ത്താതെ പാഞ്ഞു പോയി.

റോഡ് ക്രോസ് ചെയ്ത്
പാഞ്ഞു വരുന്നുണ്ട്
ഒരു കാല്‍നടക്കാരന്‍.
കാല്‍നടക്കാരന്‍ മാത്രം.

Monday, July 28, 2008

മരുഭൂമി

ഒട്ടകം
മരുഭൂമിയിലെ സഞ്ചാരി.
മരുഭൂമിയോ
കണ്ണെത്താദൂരത്തോളം മണല്‍പ്പരപ്പും.
-അമ്മ കുട്ടിക്ക് കൈമാറിയ പൊതുവിജ്ഞാനം.

ഭാരതപ്പുഴക്ക് കുറുകെ
തീവണ്ടിയിലിരിക്കെ
കുട്ടി ആവേശം കൊണ്ടു:
അമ്മേ ഇവിടെയല്ലേ ഒട്ടകം ഉണ്ടാവുക?

Thursday, July 24, 2008

ആദായം

വീടിന് പിന്നിലെ
പേരറിയാ മരം നോക്കി
അയാള്‍ പറഞ്ഞു:
ഇതൊരു ആദായമില്ലാത്ത മരമാണ് .
മുറിച്ചു കളഞ്ഞേക്കുക.

അപ്പോള്‍ മരത്തിനു മുകളില്‍ നിന്ന്
ഒരു കിളിമൊഴി.

ഞാന്‍ അയാളെ നോക്കി:
ഏതു വ്യവസായത്തില്‍ നിന്നു കിട്ടും
ഈ ആദായം?

Sunday, July 20, 2008

ഭൂമി

ഇരുപത്തിയൊന്നാം നിലയിലെ
ഫ്ലാറ്റിന്റെ ജനാലക്കല്‍
ഒരു തൂവല്‍.
തൂവല്‍കൈയിലെടുത്തപ്പോള്‍
എന്തിനാണ് അച്ഛന്റെ കണ്ണ് നിറഞ്ഞത് ?
-കുട്ടി അത്ഭുതപ്പെട്ടു.
കണ്ണു തുടച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു:
ഞനെന്റെ അമ്മയെ ഓര്‍ത്തു പോയി.

Saturday, July 19, 2008

കഥയുടെ ന്യൂക്ലിയസ്

കഥയുടെ ന്യൂക്ലിയസ്
ഡോ.വത്സലന്‍ വാതുശ്ശേരിയുടെ പുതിയ പുസ്തകം.
ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.

Monday, March 24, 2008

കവിത
ജഡം

ഇതൊരു പുഴയുടെ ജഡമാണ്.
കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപ്പോയി
മറിഞ്ഞു വീഴാറായ
പാലത്തിനു ചുവട്ടിലാണ്
ഇതു കിടന്നിരുന്നത്.
കൂട്ടബലാത്സംഗത്തിനു ശേഷം
കൊന്ന് വലിച്ചെറിഞ്ഞതാവണം.
പഴയരൂപം ഓര്‍ത്തെടുക്കാന്‍ കഴിയത്തതിനാല്‍
തല്‍ക്കാലം
അനാധജഡം എന്നെഴുതിത്തള്ളാം.