Saturday, September 20, 2008

കാല്‍ വെയ്പുകള്‍

വള്ളി പൊട്ടിയ ചെരിപ്പ്
വഴിയിലുപേക്ഷിച്ച് നഗ്നപാദനായി നടക്കെ
പാദങ്ങളോര്‍ത്തെടുക്കുന്നൂ
പഴയ സ്കൂള്‍സഞ്ചാരങ്ങള്‍.
ചരല്‍പ്പാതയുദെ പാരുഷ്യം
മണ്ണിരക്കുരുപ്പിന്റെ പശിമ
വഴിയില്‍ തളം കെട്ടിയ മഴവെള്ളത്തിന്റെ ചുംബനം
ടാര്‍ റോഡിന്റെ സ്നേഹരഹിതമാം ചൂട്.

മുരിക്കിന്‍ മുള്ളിന്റെ ദംശനം
കുപ്പിയടപ്പിന്റെ നഖക്ഷതം.

തോര്‍ത്തു കൊണ്ട്
ചെറുമീന്‍ കോരാന്‍
വയല്‍ച്ചാലിലിറങ്ങുമ്പോള്‍
കണങ്കാലുകളില്‍ ചേറിന്റെ ഇക്കിളി.
കാല്‍ വ്രണങ്ങളില്‍ കൊത്തുന്ന
പരലും പള്ളത്തിയും.
കുഴിനഖത്തിന്റെ വിങ്ങല്‍
വളങ്കടിയുടെ ചൊറിച്ചില്‍.

നഗ്നപാദങ്ങളോര്‍ത്തെടുക്കുന്നൂ
പൂര്‍വകാലത്തിന്റെ നഗ്നതകള്‍:
കൈയിലാഞ്ഞു കൊത്തുന്ന ചൂരല്‍
അസംബ്ലി മുറ്റത്ത് കുഴഞ്ഞു വീഴുന്ന ചങ്ങാതി
ചോറ്റുപാത്രത്തിന്റെ വിശപ്പുമണം.
പുസ്തകവും സ്ലേറ്റും ഷര്‍ട്ടിലൊളിപ്പിച്ച്
മഴയോട്ടം.
വെള്ളത്തില്‍ മുങ്ങിയ വയല്‍ വരമ്പിലൂടെ
ജീവന്മരണസഞ്ചാരം.

ചെരിപ്പുള്ളപ്പോള്‍
കാല്‍ വെയ്പ്പുകളെല്ലാം ഒരിടത്ത്, ഒരു പോലെ.
ചെരിപ്പില്ലാത്തപ്പോള്‍
ഓരോ കാല്‍ വെയ്പ്പും
പലയിടങ്ങളില്‍,
പല കാലങ്ങളില്‍.

3 comments:

കണ്ണൂരാന്‍ - KANNURAN said...

ചെറുവാക്കുകളിലൂടെ വലിയൊരു ചിത്രം വരച്ചിരിക്കുന്നു.

“ചെരിപ്പുള്ളപ്പോള്‍
കാല്‍ വെയ്പ്പുകളെല്ലാം ഒരിടത്ത്, ഒരു പോലെ.
ചെരിപ്പില്ലാത്തപ്പോള്‍
ഓരോ കാല്‍ വെയ്പ്പും
പലയിടങ്ങളില്‍,
പല കാലങ്ങളില്‍.“

എത്ര വലിയ ശരി......

ഭൂമിപുത്രി said...

ശരിയാൺ,ചിലപ്പോൾ ചില
സുരക്ഷകളുപേക്ഷിയ്ക്കുമ്പോഴാകും
പലതുമറിയാനും ഓർക്കാനും കഴിയുക

ഗൗരിനാഥന്‍ said...

ചെരിപ്പില്ലാത്ത കുട്ടിക്കാലം ഓര്‍മ്മ വന്നു