Saturday, July 11, 2009

മലകള്‍ യാത്രകള്‍

യാത്രാമുഖം:
എത്തിച്ചേര്‍ന്ന സ്ഥലമല്ല, അവിടേക്കുള്ള വഴിയാണ് യാത്ര എന്ന അനുഭവം.യാത്രയെ സംബന്ധിച്ച് ലക്ഷ്യത്തേക്കാള്‍ പ്രധാനം മര്‍ഗ്ഗമാണ്. ലക്ഷ്യം ഒരു വിരാമചിഹ്നം മാത്രം.

എവറസ്റ്റിലേക്കുള്ള വഴിയാണ് എവറസ്റ്റ്. പര്‍വതത്തിന്റെ നെറുക വിരാമബിന്ദു മാത്രം.
ചില യാത്രകള്‍ വിരാമചിഹ്നത്തിലെത്താതെ അപൂര്‍ണമായി അവസനിപ്പിക്കേണ്ടി വരും.അപൂര്‍ണമയ വാക്യം പോലെ അത് നമ്മെ അലോസരപ്പെടുത്തുകയും ചെയ്യും. എങ്കിലും അവിടേക്കെത്താനുള്ള വഴിയിലാണ് , അവിടേക്ക് വെച്ച കാലടികളിലാണ് യാത്രയുടെ സമസ്തസുഖവും.

യാത്ര എന്നത് സന്ദര്‍ശിച്ച സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പല്ല. യാത്രികന്‍ നടന്നു തീര്‍ത്ത വഴിയാണ് യാത്ര.വഴിയുടെ ക്ലേശവും ആശങ്കകളും വിസ്മയങ്ങളും ആകുലതകളും ആവേശങ്ങളും ആഹ്ലാദങ്ങളുമൊക്കെയാണ്. അത് കൊണ്ട് തന്നെ യാത്രാവിവരണമെന്നത് അനുഭവവിവരണമാണ്, വസ്തുതാവിവരണമല്ല.

കാഴ്ചകളിലേക്കല്ല കാഴ്ചപ്പാടുകളിലേക്കാണ് യാത്ര നമ്മെ നയിക്കുന്നത്, നയിക്കേണ്ടത്.

ഓരോ കാല് വെയ്പ്പിലും യാത്രയുണ്ട് എന്ന വിശ്വാസത്തോടെയാണ് ഈ യാത്രാനുഭവങ്ങള്‍ എഴുതിയിട്ടുള്ളത്. ആ നിലയില്‍ത്തന്നെ ഇവ സ്വീകരിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം.
(എന്റെ ‘മലകള്‍ യാത്രകള്‍‘ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്.)

Wednesday, July 8, 2009

ചിന്താവിഷയം

ചിന്തിക്കനൊരിടം വേണം.
മരച്ചുവട്, ഗുഹ, കാട്,മല, പുഴയോരം
ഇങ്ങനെ പലയിടങ്ങള്‍ നോക്കി വെച്ചു.
ഇനി
ചിന്തിക്കനൊരു വിഷയം വേണം.
മരച്ചുവടോ ഗുഹയോ ചിന്തിക്കാന്‍ കൂടുതല്‍ അനുയോജ്യം
എന്ന് ആദ്യം ചിന്തിക്കാം.
പിന്നെ കാട്, മല, എന്നിങ്ങനെ തുടരാം.
എങ്ങനെയും ഒരു ചിന്തകനാവുകയെന്നതാണു പ്രധാനം.

Sunday, November 30, 2008

അവന്‍

ഉച്ചയുറക്കം മുറിച്ചു കൊണ്ട്
മുന്‍ വാതില്‍ക്കല്‍ മുട്ടു കേട്ടു പകച്ചു.

കള്ളന്‍,
തട്ടിപ്പുകാരന്‍,
അന്താരാഷ്ട്രാബാങ്ക് ഗുണ്ട,
പിരിവുകാരന്‍,
വര്‍ഗ്ഗീയവാദികള്‍,
വാടകക്കൊലയാളികള്‍,
ലോകബാങ്കുകാര്‍
ആരുമാകാം.

പേടിയോടെ
വാതില്‍ തുറന്നു.
അവിടെ നില്‍പ്പവനോ
ഞാന്‍ തന്നെ.
ഞെട്ടലോടെ
വാതിലടക്കുന്നു ഞാനും.

Saturday, September 20, 2008

കാല്‍ വെയ്പുകള്‍

വള്ളി പൊട്ടിയ ചെരിപ്പ്
വഴിയിലുപേക്ഷിച്ച് നഗ്നപാദനായി നടക്കെ
പാദങ്ങളോര്‍ത്തെടുക്കുന്നൂ
പഴയ സ്കൂള്‍സഞ്ചാരങ്ങള്‍.
ചരല്‍പ്പാതയുദെ പാരുഷ്യം
മണ്ണിരക്കുരുപ്പിന്റെ പശിമ
വഴിയില്‍ തളം കെട്ടിയ മഴവെള്ളത്തിന്റെ ചുംബനം
ടാര്‍ റോഡിന്റെ സ്നേഹരഹിതമാം ചൂട്.

മുരിക്കിന്‍ മുള്ളിന്റെ ദംശനം
കുപ്പിയടപ്പിന്റെ നഖക്ഷതം.

തോര്‍ത്തു കൊണ്ട്
ചെറുമീന്‍ കോരാന്‍
വയല്‍ച്ചാലിലിറങ്ങുമ്പോള്‍
കണങ്കാലുകളില്‍ ചേറിന്റെ ഇക്കിളി.
കാല്‍ വ്രണങ്ങളില്‍ കൊത്തുന്ന
പരലും പള്ളത്തിയും.
കുഴിനഖത്തിന്റെ വിങ്ങല്‍
വളങ്കടിയുടെ ചൊറിച്ചില്‍.

നഗ്നപാദങ്ങളോര്‍ത്തെടുക്കുന്നൂ
പൂര്‍വകാലത്തിന്റെ നഗ്നതകള്‍:
കൈയിലാഞ്ഞു കൊത്തുന്ന ചൂരല്‍
അസംബ്ലി മുറ്റത്ത് കുഴഞ്ഞു വീഴുന്ന ചങ്ങാതി
ചോറ്റുപാത്രത്തിന്റെ വിശപ്പുമണം.
പുസ്തകവും സ്ലേറ്റും ഷര്‍ട്ടിലൊളിപ്പിച്ച്
മഴയോട്ടം.
വെള്ളത്തില്‍ മുങ്ങിയ വയല്‍ വരമ്പിലൂടെ
ജീവന്മരണസഞ്ചാരം.

ചെരിപ്പുള്ളപ്പോള്‍
കാല്‍ വെയ്പ്പുകളെല്ലാം ഒരിടത്ത്, ഒരു പോലെ.
ചെരിപ്പില്ലാത്തപ്പോള്‍
ഓരോ കാല്‍ വെയ്പ്പും
പലയിടങ്ങളില്‍,
പല കാലങ്ങളില്‍.

Monday, September 15, 2008

കടല്‍

കുട്ടി പറഞ്ഞു:
എന്തൊരു പരപ്പാണീ കടല്‍.
അച്ഛന്‍ തിരുത്തി:
മകനേ,
പരപ്പല്ല ആഴമാണ് കടല്‍.

കുട്ടിയുടെ കണ്ണുകള്‍ വികസിച്ചു:
ഇപ്പോള്‍ എനിക്ക് മനസ്സിലായി,
സ്നേഹമെന്നാലെന്താണെന്ന്.

Saturday, August 2, 2008

ഹൈ വേ

കാറോടിച്ചു കൊണ്ടിരിക്കെ
അയാള്‍ക്കൊരു വെളിപാടുണ്ടായി:
റോഡപകടങ്ങള്‍ പെരുകുന്നത്
കാല്‍നടക്കാരെ റോഡിലനുവദിക്കുന്നതു കൊണ്ടാണ്.
അവരെ നിരോധിക്കണം.

പെട്ടെന്ന് നിയന്ത്രണം തെറ്റി
കാര്‍ റോഡിന്റെ പരിധിക്ക് പുറത്തേക്ക് മറിഞ്ഞു.
കാറുകളും ബസ്സുകളും
അപ്പോഴും നിര്‍ത്താതെ പാഞ്ഞു പോയി.

റോഡ് ക്രോസ് ചെയ്ത്
പാഞ്ഞു വരുന്നുണ്ട്
ഒരു കാല്‍നടക്കാരന്‍.
കാല്‍നടക്കാരന്‍ മാത്രം.

Monday, July 28, 2008

മരുഭൂമി

ഒട്ടകം
മരുഭൂമിയിലെ സഞ്ചാരി.
മരുഭൂമിയോ
കണ്ണെത്താദൂരത്തോളം മണല്‍പ്പരപ്പും.
-അമ്മ കുട്ടിക്ക് കൈമാറിയ പൊതുവിജ്ഞാനം.

ഭാരതപ്പുഴക്ക് കുറുകെ
തീവണ്ടിയിലിരിക്കെ
കുട്ടി ആവേശം കൊണ്ടു:
അമ്മേ ഇവിടെയല്ലേ ഒട്ടകം ഉണ്ടാവുക?